മരമച്ഛന്‍
2016ല്‍ മികച്ച ഹ്രസ്വചിത്രത്തിനുള്ള സംസ്ഥാനപുരസ്കാരം നേടിയ ചിത്രം മനസ്സില്‍ മരം വളരുമ്പോള്‍ മണ്ണ് ഹരിതാഭമാകുമെന്ന ഓര്‍മ്മപ്പെടുത്തലാണ് മരമച്ഛന്‍. മരം നടാന്‍ ഒരു തുണ്ട് മണ്ണ്പോലും സ്വന്തമായില്ലാത്ത കുട്ടി സ്കൂളില്‍ നിന്ന് ലഭിച്ച മരത്തൈയുമായി ഒരു വനത്തെ സ്വപ്നം കാണുകയാണ്. നഗരത്തിലെ ആക്രി കച്ചവടക്കാരനായ വൃദ്ധന്‍ തെരുവില്‍നിന്നെടുത്ത് വളര്‍ത്തുന്ന കുട്ടിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. സ്കൂളില്‍നിന്ന് കിട്ടുന്ന മരത്തൈ എവിടെ നടുമെന്ന് കുട്ടി സങ്കടപ്പെടുമ്പോള്‍ ആക്രിക്കടയുടെ മദ്ധ്യത്തില്‍ സുര്യപ്രകാശം വീഴുന്ന ഇടം കാണിച്ചുകൊടുക്കുകയാണ് വൃദ്ധന്‍. അവിടെ കിടന്നുകൊണ്ടുതന്നെ വിശാലമായ പച്ചപ്പുകളെ സ്വപ്നം കാണുന്ന കുട്ടിയോട് വേരുണ്ടെങ്കില്‍ വളരാതിരിക്കാനാവില്ലെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് വൃദ്ധന്‍. ചിത്രകലാരംഗത്തെ കുരുന്നുപ്രതിഭ അനുജാത് സിന്ധു വിനയ്ലാല്‍ ആണ് ചിത്രത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തൃശ്ശൂര്‍ ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥന്‍ കെ.കെ. അശോകനാണ് മരമച്ഛന്‍ സംവിധാനം ചെയ്തിരിക്കുന്നത്. മാദ്ധ്യമ പ്രവര്‍ത്തകനായ ബാബുവെളപ്പായയാണ് മരമച്ഛന്‍റെ രചന.